കണ്ണൂർ: ജില്ലയിൽ വ്യാപകമായി നടന്ന സൈബർ തട്ടിപ്പിൽ വിവിധയാളുകളിൽനിന്നായി 2,32,280 രൂപ കവർന്നു. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തേണ്ടതാണെന്ന പോലീസ് മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് തട്ടിപ്പ് വ്യാപിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. ഓൺലൈൻ ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകളാണെന്ന് പറഞ്ഞാണ് കൊളവല്ലൂർ സ്വദേശിയിൽനിന്ന് 14,404 രൂപ തട്ടിപ്പ് സംഘം കവർന്നത്. കണ്ണൂർ സിറ്റി സ്വദേശിക്ക് 36,560 രൂപ നഷ്ടമായി. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പ്.
പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കായി അക്കൗണ്ടുകളിലേക്ക് പണം നൽകിയെങ്കിലും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഓൺലൈൻ പണവിനിമയം നടത്താൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി യുവാവ് ഒടിപി നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് സ്വദേശിക്ക് 19999 നഷ്ടമായി. മേലെചൊവ്വയിലെ യുവാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ക്രഡിറ്റ് കാർഡിൽനിന്ന് തട്ടിപ്പ് സംഘം 1,07,257 രൂപ തട്ടിയെടുത്തു. ട്രാഫിക് ലംഘനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് വാട്സാപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് ആപ്ലിക്കേഷൻ ഫയലിൽ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽനിന്നും മട്ടന്നൂർ സ്വദേശിക്ക് 22,000 രൂപ നഷ്ടപ്പെട്ടു.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽനിന്നാണെന്ന് ഫോണിൽ വിളിച്ച് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡിന്റെ സർവീസ് ചാർജ് ഒഴിവാക്കിത്തരാനാണെന്ന് പറഞ്ഞ് കാർഡ് വിവരങ്ങൾ കൈക്കലാക്കുകയും വളപട്ടണം സ്വദേശിയുടെ 17,500 രൂപ തട്ടിയെടുക്കുകയുംചെയ്തു. വാട്സാപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് പാർട്ട് ടൈം ജോലിക്കായി അപേക്ഷിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് 10,560 നഷ്ടമായി. പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കായി അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് മറ്റൊരു കേസ്.
മറുനാടൻ തൊഴിലാളിയായ യുവാവിന് തീവണ്ടിയാത്രയ്ക്കിടെ പരിചയപ്പെട്ടയാൾ ഫോൺപേ വഴി പണം അയക്കാമെന്ന് വിശ്വസിപ്പിച്ച് 4000 രൂപ കവർന്നു. അജ്ഞാത അക്കൗണ്ടുകളിൽനിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും വീഡിയോ കോൾ എടുക്കാതിരിക്കുകയും ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.