മല്ലപ്പള്ളി: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും താലൂക്കിൽ വ്യാപക നാശനഷ്ടം. കാറ്റിൽ മരം വീണ് എട്ടു പഞ്ചായത്തുകളിലായി 40 വീടുകൾ ഭാഗീകമായി തകർന്നു. കൊറ്റനാട് പഞ്ചായത്തിൽ 11, പുറമറ്റം പഞ്ചായത്തിൽ ഒൻപതും കല്ലൂപ്പാറ പഞ്ചായത്തിൽ അഞ്ചും ആനിക്കാട് പഞ്ചായത്തിൽ അഞ്ചും എഴുമറ്റൂർ പഞ്ചായത്തിൽ നാലും കുന്നന്താനം പഞ്ചായത്തിൽ മൂന്നും മല്ലപ്പള്ളി പഞ്ചായത്തിൽ രണ്ടും കോട്ടാങ്ങൽ പഞ്ചായത്തിൽ ഒരു വീടുമാണ് മരം വീണ് തകർന്നത്. പുറമറ്റം പഞ്ചായത്തിൽ സെൻ്റ് ബഹനാൻസ് ഹൈസ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ടു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എഴുമറ്റൂർ പഴമ്പള്ളി ജോയി, മുകളക്കലിൻ ശ്രീനിലയം അനൂപ്, പാറപ്പൊട്ടാനി കാരയ്ക്കൽ ആമ്പല്ലൂർ ബിനു തോമസ്, കൊറ്റനാട് അരീക്കുഴിക്കൽ ബിജി മാത്യൂ, ജോർജ് വിൽസൺ, വെള്ളയിൽ പതാലിൽ പുത്തൻപുരയ്ക്കൽ അനിത, പെരുമ്പെട്ടി തുരുത്തിയിൽ രാജശേഖരപിള്ള, കോട്ടാങ്ങൽ കൊളയാം കുഴി ഷാജിക്കുഞ്ഞ് എന്നിവരുടെ വിടിൻ്റെ മുകളിലേക്ക് മരം കടപുഴകി വീണ് തകർന്നു.
പലയിടത്തും തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കാരയ്ക്കൽ ആമ്പല്ലൂർ ബിനു തോമസിൻ്റെ ഭാര്യ ബിന്ദു ജോസഫിന് വീടിനു മുകളിലേക്ക് മരം വീണതിനെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റു. ആനിക്കാടും വീടുകൾക്ക് മേൽ മരം കട പുഴകി വീണു. ആനിക്കാട് പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലായി തിങ്കളാഴ്ച രാത്രിയിൽ വീശി അടിച്ച അതിശക്തമായ കാറ്റിലും മഴയിലും പല വീടുകളുടെയും മുകളിൽ മരം കടപുഴകി വീഴുകയും വീടുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കുന്നിരിക്കൽ -മാരിക്കൽ
റോഡ്, ഹനുമാൻ കുഴി- വെള്ളരിങ്ങാട്ടു കുന്ന് റോഡ്, ഇരിപ്പിക്കൽ – പുള്ളോലി , കരിയമാനപ്പടി – മുക്കൂർ എന്നീ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി തൂണുകൾ തകർന്നു പോകുകയും മരച്ചില്ലകൾ വീണ് ലൈനുകൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ഡാനിയേൽ, വില്ലേജ് ഓഫീസർ ജയശ്രീ, മെമ്പർ മോളിക്കുട്ടി സിബി എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.