ബറേലി: ഉത്തർപ്രദേശിലെ ബറേലിയില്‍ യുവാവിന്റെ മരണത്തില്‍ 25-കാരിയായ ഭാര്യയും അവരുടെ കാമുകനും അറസ്റ്റിലായി. വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇവര്‍ കെട്ടിത്തൂക്കുകയായിരുന്നു. കേഹാര്‍ സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രേഖയും കാമുകന്‍ പിന്റുവുമാണ് പിടിയിലായത്. രേഖ, കേഹാര്‍ സിങിന് ചായയില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയ ശേഷം കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച് ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ കേഹാര്‍ തടസ്സമാകുമെന്ന് കണ്ടാണ് തങ്ങള്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നല്‍കി.
കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനലിലൂടെ നോക്കിയപ്പോള്‍ കേഹാറിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പോസ്റ്റുമോര്‍ട്ടത്തിലെ സംശയങ്ങളെ തുടര്‍ന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു.
ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാര്‍ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും. 16 വര്‍ഷം മുമ്പാണ് കേഹാറും രേഖയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്. മെഡിക്കല്‍ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ. പിന്റുവുമായി രേഖയ്ക്കുള്ള ബന്ധം കേഹാര്‍ അറിഞ്ഞിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നതായും സഹോദരന്‍ അശോക് വെളിപ്പെടുത്തി.