ചണ്ഡീഗഡ് : ഭാര്യയുടെ മാനസിക പീഡനം സഹിക്കുന്നില്ലെന്ന യുവാവിന്റെ പരാതിക്കൊടുവില്‍ ഹിസാര്‍ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു. ശാരീരിക വൈകല്യമുള്ള യുവാവ് ആണ് ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.
യുവാവിന്റെ പരാതി വിശദമായി കേട്ട കുടുംബകോടതി അന്വേഷണത്തിനൊടുവില്‍ വിവാഹമോചനം അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇതിനെതിരെ ഹിസാര്‍ സ്വദേശിയായ യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.
50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ 21 കിലോയോളം നഷ്ടപ്പെട്ടുവെന്ന് യുവാവ് പറയുന്നു. വിവാഹം കഴിക്കുമ്ബോള്‍ 74 കിലോഗ്രാം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഭാര്യയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് അത് 53 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് പരാതിക്കാരന്റെ വാദം. യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടതോടെ യുവാവിനും കുടുംബത്തിനുമെതിരെ വ്യാജ പരാതിയുമായി യുവതിയും രംഗത്ത് വന്നു.
2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നല്‍കിയ വിവാഹമോചനം ഹൈക്കോടതി ശരിവച്ചു. 2012 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുണ്ട്. യുവാവ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്. ഇവരുടെ മകള്‍ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.
ഭാര്യ അമിത ദേഷ്യക്കാരിയും തന്റെ കുടുംബത്തോട് യോജിച്ച് പോകാന്‍ കഴിയാത്ത വ്യക്തിയുമാണെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. പരസ്യമായി ഭാര്യ തന്നെ അപമാനിക്കാറുണ്ടെന്ന് യുവാവ് പറയുന്നു. എന്നാല്‍, ഈ ആരോപണം യുവതി തള്ളി. താന്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഭര്‍ത്താവിനോട് പെരുമാറിയിട്ടുള്ളതെന്ന് യുവതി വാദിച്ചു.
ഭര്‍ത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഇതിനെ ചൊല്ലി തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു. എന്നാല്‍, ഭര്‍ത്താവിനും കുടുംബത്തിനും എതിരെ യുവതി നല്‍കിയ എല്ലാ ക്രിമിനല്‍ പരാതികളും കേസുകളും തെറ്റാണെന്ന് കോടതി കണ്ടെത്തി.