തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ അനുവാദം നൽകേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം.ഇത്തരം മൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തിന്റെ നിയമവ്യവസ്ഥകളിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട സിപിഐയുടെ രാജ്യസഭാംഗം പി.സന്തോഷ്കുമാറിനാണു കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ മറുപടി. മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ തടസ്സം കേന്ദ്രവും കേന്ദ്രനിയമങ്ങളുമാണെന്നു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിക്കുമ്പോഴാണ് ഇതിനു വിരുദ്ധമായി കേന്ദ്രമന്ത്രിയുടെ നിലപാട്.
വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതു പ്രാഥമികമായി സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നു മന്ത്രി വ്യക്തമാക്കി. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മനുഷ്യ–വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരമുള്ളത്.മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അനുവാദം നൽകേണ്ടതും ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്.ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.