കോന്നി: മലയോര മേഖലയില്‍ മഴ കനത്തതോടെ കോന്നി തണ്ണിത്തോട് – റോഡിലെ പേരുവാലി മുതല്‍ തണ്ണിത്തോട് വരെയുള്ള ഭാഗങ്ങളില്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവാകുന്നു. കാടിറങ്ങി എത്തുന്ന കാട്ടാനകളും, കാട്ടുപോത്ത്, കുരങ്ങ്, പാമ്പ്, മലയണ്ണാന്‍ തുടങ്ങി നിരവധി വന്യ ജീവികളെയും തണ്ണിത്തോട് റോഡിലും കല്ലാറ്റിലും കാണുവാന്‍ കഴിയും. തണ്ണിത്തോട് ഫോറസ്റ്റെഷന് സമീപം നദിയില്‍ വെള്ളം കുടിക്കാന്‍ എത്തിയ കാട്ടാനയും കുട്ടിയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഏറെനേരം ആറ്റില്‍ ഇറങ്ങി നിന്ന ആനയും ആനകുട്ടിയും വാഹനതിരക്ക് വര്‍ധിച്ചതോടെ കാട്ടിലേക്ക് കയറുകയായിരുന്നു. തണ്ണിത്തോട് കുട്ടവഞ്ചി സവാരി നടക്കുന്ന കടവില്‍ ആന മഴയില്‍ നദി നീന്തികടക്കുന്നതും അകലെയായി കുട്ടവഞ്ചികള്‍ ഒഴുകി നടക്കുന്നതും അടക്കമുള്ള വീഡിയോകളും പുറത്ത് വന്നിരുന്നു.
കല്ലാറില്‍ കുട്ടികരണം മറിയുന്ന കുരങ്ങുകളാണ് മറ്റൊരു കാഴ്ച. മരത്തിന്റെ ചില്ലകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടി മറിയുന്ന കുരങ്ങുകളും യാത്രക്കാരില്‍ കൗതുകം ഉണര്‍ത്തുന്നുണ്ട്. തണ്ണിത്തോട് റോഡില്‍ പേരുവാലി ഭാഗത്തെ വളവില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യവും പതിവാകുന്നുണ്ട്. രാത്രിയിലാണ് ഇവ ഇറങ്ങുന്നത്. കൂട്ടമായി എത്തുന്ന കാട്ടുപോത്തുകള്‍ ആനയെക്കാള്‍ അപകടകാരികള്‍ ആയതിനാല്‍ വാഹനയാത്രികര്‍ ശ്രദ്ധയോടെ പോകണം എന്നും വനപാലകര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന നിരവധി ബോര്‍ഡുകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല റോഡിലെ വളവുകളില്‍ ആണ് ആനകൂട്ടം സ്ഥിരമായി നില്‍ക്കുന്നത്. വളവുകളില്‍ വാഹനങ്ങള്‍ പതിയെ വന്നില്ലങ്കില്‍ അപകട സാധ്യതയും ഏറെയാണ്.