കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ എലിമുള്ളുംപ്ലാക്കൽ ഭാഗത്ത് വനത്തിനോട് ചേർന്ന ജനവാസമേഖലക്ക് സമീപം കാട്ടാന ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസമാണ് എലിമുള്ളുംപ്ലാക്കൽ സ്കൂളിന് താഴെ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി പനമരം കുത്തി മറിക്കുകയും ഇത് ഭക്ഷിക്കുകയും ചെയ്തത്. ഇതിന് ശേഷം അടുത്ത ദിവസം പകൽ 4 മണിക്ക് എത്തിയ കാട്ടുകൊമ്പൻ മണിക്കൂറുകൾ സ്ഥലത്ത് നിലയുറപ്പിക്കുകയും റോഡിലൂടെ പോയ വാഹന യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ജനവാസ മേഖലയിൽ നിന്ന് 30 മീറ്റർ മാത്രം ദൂര പരിധിയിൽ ആണ് കാട്ടാന എത്തിയത്. ജനവാസ മേഖലക്കും തണ്ണിത്തോട് റോഡിനും ഇടയിലായി നിൽക്കുന്ന പന മരങ്ങൾ ഭക്ഷിക്കുവാൻ ആണ് കാട്ടാന സ്ഥിരമായി ഇപ്പോൾ എത്തുന്നത്.
ആന ഇറങ്ങുന്ന ഭാഗത്തെ സൗരോർജ്ജ വേലികൾ നാശോൻമുഖമായിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും ഇത് പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതും കാട്ടാന അടക്കമുള്ള വന്യ ജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ വേലികൾ നാശാവസ്ഥയിലായതോടെ ആന ശല്യം പതിന്മടങ് വർധിച്ചു. പ്രദേശത്ത് വനത്തിൽ നിൽക്കുന്ന പന മരങ്ങൾ ആനകളെ ഈ ഭാഗത്തേക്ക് ആകർഷിക്കുന്നതിനാൽ ഇത് മുറിച്ചു മാറ്റുകയോ അല്ലെങ്കിൽ ആന ഇറങ്ങാതെയിരിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണം എന്നും നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസവും മുണ്ടോൻമൂഴിക്കും ഇലവുങ്കൽ തോടിനും ഇടയിലായി കാട്ടാന ഇറങ്ങുകയും ബൈക്ക് യാത്രക്കാർ ഇതിന് മുന്നിൽ അകപ്പെടുകയും ചെയ്തിരുന്നു. വേനൽ ചൂട് വർധിച്ചതോടെ തണ്ണിത്തോട് റോഡിൽ കാട്ടാനയുടെ സാന്നിധ്യം വർധിക്കുകയാണ്. രാത്രിയിലും പുലർച്ചെയും പോകുന്ന വാഹന യാത്രക്കാർ വലിയ ഭീതിയോടെ ആണ് ഈ വഴി സഞ്ചരിക്കുന്നത്.