കോന്നി : കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. തേക്കുതോട് ഏഴാംതല കണനിൽക്കും പറമ്പിൽ ചെറിയാൻ(70)ആണ് അറസ്റ്റിലായത്. തേക്കുതോട് സ്വദേശി പാറാൻ ഗോപി എന്ന് വിളിക്കുന്ന ആളാണ് ചെറിയാന് ഇറച്ചി കൈമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടന്നു വരുകയാണെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്നും അധികൃതർ പറഞ്ഞു.
ചെറിയന്റെ കടയിലും ഗോപിയുടെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നര കിലോ ഇറച്ചി പിടിച്ചെടുത്തിട്ടുണ്ട്. വനം വകുപ്പ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രഘു കുമാർ പി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ജിജോ വർഗീസ്, ബീറ്റ് ഓഫീസർമരായ അനുശ്രീ, സൗമ്യ, ഫോറെസ്റ്റ് വാച്ചർ ഡി ബിനോയ് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.