കല്ലൂപ്പാറ : കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പഞ്ചായത്തിലെ പത്തിലധികം കർഷകരുടെ കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കല്ലൂപ്പാറ, മഠത്തുംഭാഗം നോർത്ത്, ഐക്കരപ്പടി, പുതുശ്ശേരി, ചെങ്ങരൂർ എന്നിവിടങ്ങളിലെല്ലാം പന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കഴിഞ്ഞരാത്രി പുതുശ്ശേരി പറപ്പള്ളിപാറയിൽ വർഗീസ് പി.തോമസിന്റെയും മഠത്തുംഭാഗം ഇലവുങ്കൽ വർഗീസ് ഐപ്പിന്റെയും കൃഷിയിടത്തിൽ പന്നിക്കൂട്ടം കയറി വ്യാപക കൃഷിനാശം വരുത്തി.
വാഴ, ശീമച്ചേമ്പ്, കാച്ചിൽ, ചേന, തെങ്ങിൻ തൈ, ഇഞ്ചി എന്നിവ പന്നി നശിപ്പിച്ചു. കഴിഞ്ഞമാസം നട്ട കാർഷിക വിളകളാണ് നശിപ്പിച്ചത്. വേനൽക്കാലത്ത് ഈ മേഖലയിൽ പന്നിശല്യം കുറഞ്ഞിരുന്നെങ്കിലും കർഷകർ കൃഷിയിറക്കിയതോടെ വീണ്ടും എത്തിത്തുടങ്ങി. പന്നികളെ വെടിവച്ചുകൊല്ലാൻ ലൈസൻസുള്ള ഏതാനും ഷൂട്ടർമാരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താൻ ജനപ്രതിനിധികൾ താത്പര്യം കാട്ടുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.