മൂന്നാര്‍: മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഏലം കര്‍ഷകന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബി എല്‍ റാവിന് സമീപം കുളത്താപ്പാറയിലാണ് സംഭവം. തമിഴ്‌നാട് തേവാരം മീനാക്ഷീപുരം സ്വദേശി മുരുകന്‍ (50) ആണ് മരിച്ചത്. ബി. എല്‍ റാവിന് മുകള്‍ഭാഗത്ത് മെയിന്‍ റോഡില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മുരുകന് രണ്ട് ഏക്കര്‍ ഏലത്തോട്ടമുണ്ട്. ഒന്നര മാസം മുന്‍പാണ് തോട്ടത്തിലെ ജോലികള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും ഇയാള്‍ എത്തിയത് . ഭാര്യ മുരുകേശ്വരിയും മകളും തമിഴ്‌നാട്ടിലാണുള്ളത്. ലോക്ഡൗണിനെ തുടര്‍ന്ന് തിരികെ പോകാന്‍ കഴിയാത്തതിനാല്‍ ഇവിടെത്തന്നെ തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സാധനങ്ങള്‍ വാങ്ങിയശേഷം തോട്ടത്തിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
ആക്രമണം നടന്ന പാതയില്‍ നിന്ന് പത്ത് മീറ്ററോളം മാറിയാണ് ശരീരം കിടന്നത്. ചൊവ്വാഴ്ച രാവിലെ സമീപത്തെ തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് മുരുകന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ദേവികുളം റേഞ്ച് ഓഫീസര്‍ വി. എസ് സിനില്‍, ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ പി. ടി. എല്‍ദോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ശാന്തന്‍പാറ എസ്. ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.