കോന്നി : കോന്നി ഇളകൊള്ളൂരിൽ കാട്ടുപോത്തുകൾ ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം രണ്ട് കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടതായി പറയുന്നത്. കാട്ടുപോത്തുകൾ നടന്നു പോകുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തുടർന്ന് വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. പിന്നീട് അടുത്ത ദിവസം പുതുവാരത്തിൽ രവീന്ദ്രൻ നായർ കൃഷിയിടത്തിലേക്ക് വരുമ്പോൾ അച്ചൻകോവിലാറിന്റെ തീരത്ത് മാളിയേക്കൽ കടവിലും കാട്ടുപോത്തുകളെ കണ്ടു.
കാട്ടുപോത്തിന്റെ മുന്നിൽ നിന്നും രവീന്ദ്രൻ നായർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അടക്കമുള്ള വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കാട്ടുപോത്തിന്റെ കാൽപ്പാടുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. മാളിയേക്കൽ കടവിന്റെ മറുകരയിലും കാട്ടുപോത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പല തവണ പോത്തിനെ കണ്ടെങ്കിലും വനപാലകർക്ക് ഇതുവരെ ഇവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പതിനഞ്ച് പേര് അടങ്ങുന്ന സംഘമാണ് അന്വേഷണം. രാത്രിയിലും തിരച്ചിൽ തുടരുമെന്ന് വനപാലകർ അറിയിച്ചു.