ഇരിട്ടി : ആറളം ഫാമില്‍ തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാന തിരിച്ചോടിയതിനെത്തുടര്‍ന്ന് മൂന്ന് വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിക്ക്. വനപാലകര്‍ക്കു നേരെ കുതിച്ചെത്തിയ ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വേരിലും മറ്റും തട്ടി വീണാണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷിജില്‍, വാച്ചര്‍മാരായ രാജേന്ദ്രന്‍, സി.അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നരോത്തിന്റെ നേതൃത്വത്തില്‍ അറുപതോളം പേര്‍ അടങ്ങുന്ന വനപാലകസംഘം ശനിയാഴ്ച മുതല്‍ ഫാമിന്റെ വിവിധ മേഖലകളില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തി കാട്ടിലേക്ക് വിടാനുള്ള പരിശ്രമം നടത്തിയതി വരികയായിരുന്നു. രാവിലെ ഒരു മോഴയാനയെ കണ്ടെത്തി വനത്തിലേക്ക് കയറ്റി വിട്ടിരുന്നു. ഇതിനു ശേഷം കണ്ടെത്തിയ മറ്റൊരാനയെ തുരത്തുന്നതിനിടെയായിരുന്നു ആന വനപാലകര്‍ക്കു നേരെ തിരിഞ്ഞത്.
കാടിന് സമാനമായി വളര്‍ന്ന കാടുമൂടികിടക്കുന്ന പ്രദേശത്തു നിന്നും ആനയെത്തുരത്തി വനമേഖലയോടടുത്ത താളിപ്പാറക്ക് സമീപം എത്തിയപ്പോള്‍ ആന തിരിച്ചോടുകയായിരുന്നു. ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി വനപാലകര്‍ തിരിഞ്ഞോടുന്നതിനിടയില്‍ പലരും വീണു. ഇവരില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കുകള്‍ നിസ്സാരമാണെങ്കിലും തലനാരിഴക്ക് എല്ലാവരും രക്ഷപ്പെടുകയായിരുന്നു.