സീതത്തോട് : ചിറ്റാർ-സീതത്തോട് റോഡിൽ ഊരാമ്പാറയ്ക്കു സമീപം ആഴ്ചകളോളം സ്ഥിരമായി ഇറങ്ങിയിരുന്ന കാട്ടാന ‘കുട്ടിശങ്കരൻ’ ചരിഞ്ഞതായി സൂചന. ഒരാഴ്ച മുൻപ് കോട്ടമൺ പാറ കണ്ണാട്ടുതറയിൽ വനാതിർത്തിയോടു ചേർന്ന് കൈവശ ഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ കണ്ടെത്തിയ ജഡം കുട്ടിശങ്കരന്റെയായിരുന്നെന്നാണ് സംശയം. കൊമ്പുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിഗമനത്തിൽ എത്താൻ കാരണം. വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേക്കിടെ യാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ 3 മീറ്ററോളം താഴ്ച്‌ച വരുന്ന കിണറ്റിൽ ജഡം കണ്ടെത്തുന്നത്. ഈ ഭാഗം ചെരിഞ്ഞ ഭൂപ്രദേശമാണ്. സമീപത്തെ തിട്ടയിൽ നിന്നു തെന്നി വീണതാണെന്നാണു നിഗമനം.
ജഡത്തിനു രണ്ടാഴ്ചയോളം പഴക്കമുണ്ടായിരുന്നു. 86 സെന്ററി മീറ്റർ പുറത്തേക്ക് തള്ളിനിൽക്കുന്ന കൊമ്പുകൾക്കു കുട്ടിശങ്കരന്റെ കൊമ്പുകളുമായി ഏറെ സാമ്യമുണ്ട്. ശരീരത്തിനുള്ളിലേക്ക് 75 സെന്റി മീറ്ററോളം നീളം കൊമ്പുകൾക്കു വരും. 15 ആയിരുന്നു പ്രായം കണക്കാക്കിയത്. ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം കിണറ്റിൽ തന്നെ മറവു ചെയ്തു. 3 വർഷം മുൻപ് അള്ളുങ്കൽ വനമേഖലയിൽനിന്നു കക്കാട്ടാറ് കടന്നാണ് കുട്ടിശങ്കരൻ എത്തുന്നത്. പിന്നീട് ചിറ്റാർ തോട്ടം സ്കൂളിനും എസ്‌റ്റേറ്റ് ബംഗ്ലാവിനു സമീപം വരെയെത്തി. നേരം പുലരും മുൻപ് കിട്ടുന്നതെല്ലാം തിന്ന് ആറു കടന്ന് അള്ളുങ്കൽ വനത്തിലേക്കു കടക്കും.