കോന്നി : കല്ലേലി ജി ജെ എം യു പി സ്കൂളിന് സമീപം കാട്ടാന ഇറങ്ങി. കഴിഞ്ഞ പുലർച്ചെ 6.30 ഓടെ ആണ് ആന കൂട്ടം ഇറങ്ങിയത്. സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കൂടി ഇറങ്ങി വന്ന ആന കൂട്ടം കല്ലേലി തോട്ടാവള്ളിൽ സി എസ് ജോയിയുടെ വാഴത്തോട്ടത്തിൽ എത്തി വാഴ കൃഷി നശിപ്പിച്ച ശേഷം മൺതിട്ട ഇടിച്ചിറങ്ങി റോഡിലൂടെ വനത്തിലേക്ക് പോകുകയായിരുന്നു. കല്ലേലി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിയായ ജിഫിൻ ആണ് പുലർച്ചെ ആനയെ കാണുന്നത്. സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ജിഫിൻ പുലർച്ചെ കൂട്ടുകാരന് ഒപ്പം സൈക്കിളിൽ വരുമ്പോൾ ആന റബ്ബർ തോട്ടത്തിൽ കൂടി ഇറങ്ങി വരുന്നതാണ് കണ്ടത്. പിന്നീട് കുട്ടികൾ സമീപവാസികളെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തുമ്പോൾ സ്കൂളിന് സമീപത്തായി നാല് ആനകൾ നിലയുറപ്പിച്ചത് കാണുവാനും കഴിഞ്ഞു.
ഏറെ നേരത്തിന് ശേഷമാണ് ആനകൾ കാട്ടിലേക്ക് മറഞ്ഞത്. കാട്ടാന സ്കൂളിന് സമീപത്ത് വരെ എത്തിയതോടെ ഭീതിയിലാണ് കുട്ടികളും അധ്യാപകരും. സ്കൂളിന് സമീപത്തായി അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ആന കൂട്ടം ഇതിന് സമീപം വരെ എത്തിയിരുന്നു. രാവിലെ കല്ലേലി ഭാഗത്ത് ഉള്ള സ്കൂൾ കുട്ടികൾ അടക്കം ആനകൂട്ടം ഇറങ്ങിയ വഴിയിൽ കൂടിയാണ് സ്‌കൂളിലേക്ക് എത്തുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങി തുടങ്ങിയതോടെ ഭീതിയിലാണ് വിദ്യാർത്ഥികളും അധ്യാപകരും. ആദ്യമായാണ് സ്കൂളിന് സമീപത്ത് കാട്ടാന എത്തുന്നതെന്നും അധ്യാപകർ പറയുന്നു. കാട്ടാന സ്കൂളിന് സമീപം എത്തിയതോടെ ഭീതിയിലാണ് അധ്യാപകരും കുട്ടികളും