ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ കാട്ടുതീ ദുരന്തത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടര്‍ന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്.
12000 ഗാര്‍ഡുകളും ഫയര്‍ വാച്ചര്‍മാരും കാട്ടുതീ അണക്കാനുള്ള ശ്രമത്തിലാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായത്തോടെയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഉത്തരാഖണ്ഡിലേക്ക് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.