പത്തനംതിട്ട : വന്യ ജീവി വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിൽ വന്യ ജീവി സംഘർഷങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ വാരാചരണം. വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത സമൂഹത്തിൽ എത്തിക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. സാമൂഹ്യ വനവൽക്കരണ വിഭാഗം പത്തനംതിട്ട ഡിവിഷൻ, ടെറിട്ടോറിയൽ വിഭാഗമായ കോന്നി, റാന്നി ഡിവിഷൻ, വൈൽഡ് ലൈഫ് വിഭാഗമായ പെരിയാർ വെസ്റ്റ് ഡിവിഷന്‍റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ നടക്കും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ, ശുചീകരണം, ബോധവൽക്കരണങ്ങൾ അടക്കമുള്ള പരിപാടികളാണ് നടക്കുക. വന്യ ജീവി വാരാഘോഷത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്‌ച വിളംബര ജാഥയും ഫ്ലാഷ്‌മോബും നടക്കും.
ജില്ലാ മത്സരങ്ങൾ തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർസെക്കൻഡറി സ്കുളിൽ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. എക്‌സിബിഷൻ, ബോധവൽക്കരണ ക്ലാസ്, പക്ഷി നിരീക്ഷണം എന്നിവയും വിദ്യാർഥികൾക്കായി നടത്തും. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാഴപ്പാറ നഴ്‌സറി പ്ലാസ്റ്റിക് മുക്തമാക്കും. റാന്നി ഡിവിഷൻ ആഭിമുഖ്യത്തിൽ രണ്ടിന് വിവിധ മത്സരങ്ങളും ഗവി സഞ്ചാരികൾക്ക് ബോധവൽക്കരണവും നടത്തും. ശബരിമല, ഗവി പാതയിലെ പ്ലസ്റ്റിക് നിർമാർജനം, കാനന യാത്ര, കൂട്ടയോട്ടം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തും. കോന്നി ഡിവിഷൻ ആഭിമുഖ്യത്തിൽ ഷോർട് ഫിലിം ഫെസ്റ്റിവൽ, വിവിധ മത്സരങ്ങൾ, കലാ സാഹിത്യ അരങ്ങ് തുടങ്ങിയവ നടത്തും. പെരിയാർ ഡിവിഷൻ ആഭിമുഖ്യത്തിൽ സങ്കേതത്തിലെ പ്രധാന സ്ഥലങ്ങളിൽ പ്ലാസ്റ്റിക് നിർമാർജനം ഏറ്റെടുക്കും.