ഡല്‍ഹി : പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ ബി.ജെ.പിയില്‍ എത്തി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്. കോണ്‍ഗ്രസിന്റെ അതികായന്മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കമല്‍നാഥ്, ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഏറെക്കാലമായി കോണ്‍ഗ്രസിനകത്ത് കമല്‍നാഥ് അസ്വസ്ഥനായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാര്യം പാര്‍ട്ടിയെ ധരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. കമല്‍നാഥ് ഡല്‍ഹിയില്‍ എത്തിയതും മകനും എം.പിയുമായ നകുല്‍നാഥ്, ട്വിറ്റര്‍ ബയോയില്‍ ‘കോണ്‍ഗ്രസ്’ എടുത്തുമാറ്റിയതും വളരെ സൂക്ഷ്മമായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം നോക്കിക്കാണുന്നത്. പാര്‍ട്ടിക്കുള്ളില്‍ കമല്‍നാഥിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി സജ്ജന്‍ സിങ് വര്‍മ പറഞ്ഞു. കമല്‍നാഥ് അപമാനിതനായെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.