ഡൽഹി : ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കുശേഷം നൂറു സ്ഥാനാർഥികളെ ഉൾപ്പെടുത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്നു പുറത്തിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവർ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലുണ്ടാകുമെന്നാണു വിവരം. ഇന്നലെ രാത്രി 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം പുലർച്ചെ നാലു മണിക്കാണ് അവസാനിച്ചത്. ഉത്തർപ്രദേശിലെ വാരണാസിയിൽനിന്നു തന്നെയാകും നരേന്ദ്ര മോദി ജനവിധി തേടുക. വാരണാസിക്കൊപ്പം മോദി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നും ജനവിധി തേടുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ മത്സരിക്കാൻ തമിഴ്നാട്ടിലെ രാമനാഥപുരം മോദി തിരഞ്ഞെടുത്തേക്കുമെന്നാണു സൂചനകൾ.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യത്തിനുമേൽ സമ്മർദ്ദം ചെലുത്താമെന്നാണു ബിജെപിയുടെ കണക്കുക്കൂട്ടൽ. ഹിന്ദി ഹൃദയഭൂമിയിലെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളാണ് ഇന്നു പുലരുവോളം നടന്നതെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയം ബിജെപിയെ സംബന്ധിച്ചു നിർണായകമാണ്. ദക്ഷിണേന്ത്യയില്‍ പാർട്ടി ഇതുവരെ അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർഥികളെ അണിനിരത്താനാണു ഇപ്പോഴത്തെ തീരുമാനം.
ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചർച്ചകൾക്കുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലക്നൗവിൽനിന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണ– ശിവ്പുരിയിൽ നിന്നും മത്സരിക്കും.