പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ജില്ലയിലെ ആരോഗ്യ മേഖലയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാനുള്ള കോൺഗ്രസിന്റേയും യുഡിഎഫ്ഫിന്റേയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുവാൻ എൽ.ഡി.എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽ കണ്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലയിലെ ക്രമസമാധാനം തകർത്ത് പൊതു ഗതാഗതം തടസപ്പെടുത്തി അക്രമങ്ങൾ അഴിച്ചുവിട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന പ്രവർത്തിയിൽ നിന്നും പിൻമാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയിൽ ജില്ലയിലുണ്ടായ നേട്ടങ്ങളും വികസനങ്ങളും ജനങ്ങളുമായി സംവദിക്കുവാൻ ജൂലൈ 10ന് പത്തനംതിട്ടയിൽ വിശദീകരണയോഗവും തുടർന്ന് എല്ലാ പഞ്ചായത്തുകളിലും ജൂലൈ 12ന് വിശദീകരണയോഗങ്ങൾ ചേരുവാനും തീരുമാനിച്ചു. കെ.പി ഉദയഭാനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജു ഏബ്രഹാം എക്സ് എം.എൽ.എ, അലക്സ് കണ്ണമല, രതീഷ്കുമാർ, സജി അലക്സ്, എ പദ്മകുമാർ എക്സ് എം.എൽ.എ, ചെറിയാൻ ജോർജ്ജ് തമ്പു, മനോജ് മാധവശ്ശേരിൽ, രാജു നെടുവമ്പുറം, ബി. ഷാഹുൽ ഹമീദ്, മനു വാസുദേവ്, നിസ്സാർ നൂർമഹൽ, സുമേഷ് ഐശ്വര്യ, ഡി സജി തുടങ്ങിയവർ സംസാരിച്ചു.