ചാരുംമൂട് : കഴിഞ്ഞദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശനഷ്ടം. കണ്ണനാകുഴിയിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ടു കാറുകളും മറ്റുസ്ഥലങ്ങളിൽ ഒട്ടേറെ വീടുകളും ഭാഗികമായി തകർന്നു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതിയും വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ചയും പല സ്ഥലങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. കെ.എസ്.ഇ.ബി. ചാരുംമൂട് സെക്‌ഷന്റെ പരിധിയിലുള്ള താമരക്കുളം, ചത്തിയറ, ചുനക്കര, തെരുവിൽമുക്ക്, കൊട്ടയ്ക്കാട്ടുശ്ശേരി, കരിമുളയ്ക്കൽ. തുരുത്തിയിൽ ഭാഗങ്ങളിലായി 15-ലേറെ വൈദ്യുതിത്തൂണുകൾ മരംവീണ് ഒടിഞ്ഞു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.
മരങ്ങൾ റോഡിൽവീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ റോയി ഭവനത്തിൽ ജോൺ തോമസിന്റെ രണ്ടു കാറുകളും ഷെഡ്ഡുകളുമാണ് മരംവീണ് ഭാഗികമായി തകർന്നത്. വീടിന്റെയും ഷെഡ്ഡിന്റെയും മുകളിലേക്ക് തൊട്ടടുത്ത പുരയിടത്തിൽനിന്നിരുന്ന രണ്ടു തേക്കുമരങ്ങളാണ് കടപുഴകിയത്. വീടിന്റെ മുൻവശത്തെ ഷെഡ്ഡ് തകർത്തുകൊണ്ടാണ് കാറുകൾക്കു മുകളിലേക്ക് മരം വീണത്. താമരക്കുളം ഇരപ്പൻപാറ ആഷ്‌നാമൻസിൽ സലീനയുടെ വീടിനു മുകളിലേക്ക് മരംവീണ് നാശനഷ്ടമുണ്ടായി.
താമരക്കുളം കിഴക്കേമുറി കൊട്ടയ്ക്കാട്ടുശ്ശേരിയിൽ ഭിന്നശേഷിക്കാരായ അഖിൽ, അനന്ദു എന്നീ യുവാക്കൾ താമസിക്കുന്ന അഖിൽഭവനം വീടിനു മുകളിലേക്ക് മരച്ചില്ലകൾവീണ് ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു. ഭിത്തികൾക്കും കേടുപാടുണ്ട്. താമരക്കുളം ജങ്ഷനിൽ ആൽമരത്തിന്റെ ശിഖരം കടകൾക്കു മുകളിലേക്ക് ഒടിഞ്ഞുവീണു. താമരക്കുളം, ചത്തിയറ, പാലമേൽ, ചുനക്കര, കരിമുളയ്ക്കൽ, പടനിലം, നൂറനാട് പ്രദേശങ്ങളിൽ മരങ്ങളും മരച്ചില്ലകളും വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്താണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലി ചൊവ്വാഴ്ചയുംനടന്നുവരുന്നു.