കോട്ടയം : കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കെ ടി ഡി എസ് ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ” കെ ടി ഡി എസ് ഡൊമസ്റ്റിക് ട്രാവൽ ഇൻഷുറൻസ് ” പദ്ധതിയുടെ ഉദ്ഘാടനം കെ ടി ഡി എസ് പ്രസിഡന്റ് വി സജീവ് കുമാർ ടൂറിസം ക്ലബ്ബായ ഹാപ്പി ജേർണി ഫ്രണ്ട്സിന്റെ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ മൂന്നാനപ്പള്ളി, സെക്രട്ടറി പി ഡി സുരേഷ് എന്നിവർക്ക് പോളിസി കൈമാറികൊണ്ട് നിർവഹിച്ചു. ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് പരീക്ഷ ഏർപ്പെടുത്തുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ സഹകരണ സ്ഥാപനമാണെന്നും കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുന്നത് വഴി സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം എന്നും ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ടൂറിസം രംഗത്തെ ഈ സ്ഥാപനം എപ്പോഴും സജ്ജമാണെന്നും കെ ടി ഡി എസ്. പ്രസിഡന്റ് ഉദ്ഘാടന വേളയിൽ പറഞ്ഞു.
വാഗമൺ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ കെ ടി ഡി എസ് വൈസ് പ്രസിഡന്റ് കെ സുരേഷ്, ഡയറക്ടർമാരായ അശോക് കുമാർ പി കെ, ലതാ ജയൻ, ശ്രീജിത്ത് വി ആർ, അജ്മൽ മുഹമ്മദ്, ഷിനോജ് എസ്, സെക്രട്ടറി ശരത് ചന്ദ്രൻ, സ്റ്റേറ്റ് ടൂറിസം കോർഡിനേറ്റർ രാഹുൽ, എന്നിവർ സംസാരിച്ചു. ഹാപ്പി ജേർണി ഫ്രണ്ട്സിന്റെ കമ്മറ്റി അംഗം ഇ എം സുഷമ്മാ സുരേഷ്, ഇൻഷുറൻസ് കമ്പനി സ്റ്റാഫായ പ്രശാന്ത്, ജിതിൻ, കെ ടി ഡി എസ് ടൂർ കോഡിനേറ്റേഴ്സ് മനീഷ് മഹാദേവൻ, മനു, ജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ ടി ഡി എസ് ഡൊമസ്റ്റിക് ട്രാവൽ ഇൻഷുറൻസ് പരിരക്ഷയിലൂടെ ഓരോ സഞ്ചാരികൾക്കും 10 ലക്ഷം രൂപയുടെ കവറേജും ഹോസ്പിറ്റൽ ചിലവ്, ഹെലികോപ്റ്റർ ഇവാക്യേഷൻ, ഹോം ഇലക്ട്രോണിക് ഐറ്റംസ് ഇൻഷുറൻസ്, തുടങ്ങിയവ ലഭിക്കും. 1998 സ്ഥാപിതമായ സ്ഥാപനം സിൽവർ ജൂബിലി ആഘോഷിക്കുന്ന വേളയിൽ ലേഡീസ് ഒൺലി ടൂറിസം പദ്ധതി, സേഫ് ടൂറിസം പദ്ധതി, മെറ്റാനിറ്റി ടൂറിസം പാക്കേജ്, വെഡിങ് ടൂറിസം പാക്കേജ്,സീറോ കാർബൺ ക്രെഡിറ്റ് പദ്ധതി, സഞ്ചാരം നിക്ഷേപ പദ്ധതി, വിവിധ ലോണുകൾ എന്നിങ്ങനെ ടൂറിസം രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു.