ചെങ്ങന്നൂർ : വ്യവസായങ്ങൾക്കുൾപ്പെടെയുള്ള വൈദ്യുതിനിരക്ക് വർധിപ്പിച്ചതോടെ കോട്ടയിലെ പ്രഭുറാം മിൽസിന്റെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും. നിലവിലുണ്ടായിരുന്ന വൈദ്യുതിക്കുടിശ്ശികപോലും അടയ്ക്കാൻ സാധിച്ചിട്ടില്ല. കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്ന് കെ.എസ്.ഇ.ബി. അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 20 തവണകളായി അടയ്ക്കാമെന്ന ഉറപ്പിലാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. 88 ലക്ഷം രൂപയാണ് കുടിശ്ശിക.
ഒരുമാസം 20 ലക്ഷം രൂപയാണ് വൈദ്യുതിക്കായി ഈടാക്കുന്നത്. ശമ്പളത്തിനും അത്രയും തുക കണ്ടെത്തണം. നിരക്കു വർധിപ്പിച്ച സാഹചര്യത്തിൽ തുക ഉയരും. അതേസമയം കെ.എസ്.ഇ.ബി. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ എല്ലാ മാസവും നിരക്ക് കൃത്യമായി അടയ്ക്കണമെന്നും ഇളവനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളത്തിനും വൈദ്യുതിക്കും മറ്റു ചെലവുകൾക്കുമായി 60 ലക്ഷം രൂപയെങ്കിലും ഒരുമാസം കണ്ടെത്തണം. പരമാവധി ഉത്പാദനം നടത്തിയാൽപ്പോലും ഈ തുക കണ്ടെത്താൻ കഴിയില്ല. ഏഴുലോഡ് നൂല് കയറിപ്പോയാൽപ്പോലും ലഭിക്കുന്നത് 49 ലക്ഷം രൂപയാണ്. കേരള ടെക്സ്റ്റൈൽ കോർപ്പറേഷനടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതിക്കുടിശ്ശിക എഴുതിത്തള്ളുന്നതിന്റെ ഗുണം പ്രഭുറാം മിൽസിനു ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. വൈദ്യുതിനിരക്ക് തവണകളായിട്ട് അടച്ചുകൊണ്ടിരുന്നതിനാൽ കുടിശ്ശിക എഴുതിത്തള്ളിയതിന്റെ പ്രയോജനം കിട്ടാൻ സാധ്യത കുറവാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. കമ്പനി നിലനിൽക്കണമെങ്കിൽ അസംസ്കൃതസാധനങ്ങൾ നേരിട്ടുവാങ്ങാൻ പ്രവർത്തനമൂലധനം സർക്കാർ അനുവദിക്കണമെന്നാണ് ആവശ്യം. സ്വകാര്യവസ്ത്ര നിർമാണശാലകൾ അസംസ്കൃതസാധനങ്ങൾ കൊടുത്തിട്ട് പകരം നൂലു കൊണ്ടുപോകുന്ന അവസ്ഥയ്ക്കു മാറ്റം വേണമെന്നും തൊഴിലാളികൾ പറയുന്നു.