തിരുവനന്തപുരം : കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെത് കടുംപിടിത്തമാണ്. തൊഴിലാളികൾ ആവശ്യപ്പെട്ടത് വലിയ ശമ്പള വർധനയാണ്. അതിനാൽ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാൻ സമയം വേണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.
എന്നാൽ സമരത്തിലേക്ക് പോകരുതെന്ന ഗതാഗത മന്ത്രിയുടെ അഭ്യർത്ഥന തൊഴിലാളി സംഘടനകൾ തള്ളി. സർക്കാർ തള്ളിവിട്ട സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. പത്ത് വർഷം മുൻപത്തെ ശമ്പള സ്കെയിലിലാണ് കെഎസ്ആർടിസി തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഡിമാൻഡ് പരിശോധിക്കാൻ എട്ട് മാസം സമയം നൽകിയെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. തൊഴിലാളികളെ സർക്കാർ നിർബന്ധപൂർവം സമരത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ബിഎംഎസും അഭിപ്രായപ്പെട്ടു.
ഇന്ന് അർദ്ധരാത്രി മുതലാണ് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു.