പത്തനംതിട്ട : ഹാരിസൺ കമ്പനിക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സർക്കാർ ഇതിൽനിന്ന് പിന്തിരിയണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.
2005 ൽ ലാൻഡ് റവന്യൂ കമ്മീഷണർ ആയിരുന്ന നിവേദിത പി. ഹരൻ 76000 ഏക്കർ സർക്കാർ ഭൂമി ഹാരിസൺ കൈവശം വെച്ചിട്ടുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. 2007 ൽ ഭൂമി ഏറ്റെടുക്കുന്നതിന് അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും നിയമവശം പഠിക്കുന്നതിന് ജസ്റ്റിസ് എൽ.മനോഹരൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഭൂമി സർക്കാർ വകയാണെന്നും ഏറ്റെടുക്കാൻ നിയമ തടസ്സമില്ലെന്നുമായിരുന്നു കമ്മീഷൻ ശുപാർശ.
ഇവയും രാജമാണിക്യം റിപ്പോർട്ടുമടക്കം സർക്കാർ നിയോഗിച്ച 6 കമ്മീഷനുകളും ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങളും ഭൂമി സർക്കാരിന്റെതാണെന്ന് സംശയാതീതമായി വ്യക്തമാക്കിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജരേഖകൾ ചമച്ച് ഹാരിസൺ ഭൂമി കൈയ്യടക്കി എന്ന് വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്കെതിരെ കേസെടുത്തത്. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ഹാരിസൺ ഹാജരാക്കിയത് വ്യാജ രേഖയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
എന്നിട്ടും തുടർ നടപടി ഉപേക്ഷിക്കാനുള്ള വിജിലൻസ് അധികൃതരുടെ നീക്കം ദുരൂഹവും ആപൽക്കരവുമാണ്. തങ്ങൾക്കെതിരെ ചാർജ് ചെയ്ത കേസുകളുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാരിസൺ സുപ്രീംകോടതിയിൽ നൽകിയ ഹർജികൾ തള്ളിയിട്ടും കേസുകൾ പിൻവലിക്കാൻ നടത്തുന്ന ശ്രമം സംസ്ഥാന താല്പര്യം ബലികഴിച്ച് നിയമലംഘകർക്ക് കുടപിടിക്കുന്നതിനു തുല്യമാണ്.
സുപ്രീം കോടതി വിധിയുടെയും ഫോറൻസിക് ലാബ് റിപ്പോർട്ടിന്റെയും പിൻബലം തുടർന്നും കേസ് നടത്താനും വ്യാജരേഖയുണ്ടാക്കി ഹാരിസൺ കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കാനുമുള്ള സുവർണാവസരം ആയിരിക്കെ, അതിനു നേർ വിപരീതദിശയിൽ സഞ്ചരിക്കുന്നത് അവരുടെ അച്ചാരം പറ്റി വൻ അഴിമതിക്ക് കളമൊരുങ്ങിയതുകൊണ്ടാണ്.
നാളിതുവരെ മാറിമാറിവന്ന എല്ലാ ഗവൺമെന്റുകളും ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയപ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കേസ് പിൻവലിച്ച് ഹരിസണെ സഹായിക്കാൻ തിടുക്കം കൂട്ടുന്നത് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിനു തുല്യമാണെന്നും പുതുശ്ശേരി പറഞ്ഞു.