ഭുവനേശ്വർ : പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പോലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നൽകിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒമ്പത് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തിൽ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാൽ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം എല്ലാ തകർന്നുപോയ വാഗ്ദാനങ്ങൾക്ക് മേൽ സംരക്ഷണമോ, തകർന്നു പോയ ബന്ധങ്ങൾക്ക് മേൽ ക്രിമിനൽ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയും യുവാവും 2012 മുതൽ പ്രണയത്തിലായിരുന്നു- ഇക്കാലയളവിൽ ഇരുവരും പ്രായപൂർത്തിയായവരും സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തരായവരും സ്വന്തം ഭാവിയെ രൂപപ്പെടുത്തിയെടുക്കാൻ കെൽപ്പുള്ളവരുമായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളായിരിക്കാം. എന്നാൽ പ്രണയം ഇല്ലാതായത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് പാനിഗ്രഹി പറഞ്ഞു.
2012ലായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ഇതിന് ശേഷം 2021ൽ യുവതി സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ യുവാവിനെതിരെ പീഡന പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. യുവാവ് തനിക്ക് ഗർഭനിരോധന ഗുളികകൾ നൽകിയിരുന്നതായും പരാതിക്കാരി ആരോപിച്ചു. 2023ൽ യുവതി സംബൽപൂരിലെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. താൻ പോലീസുദ്യോഗസ്ഥനായ യുവാവ് വിവാഹം ചെയ്ത യഥാർത്ഥ ഭാര്യയാണെന്നും യുവാവ് മറ്റ് സ്ത്രീയെ വിവാഹം ചെയ്യുന്നതിനെതിരെ ഉത്തരവുണ്ടാകണം എന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. സംബൽപൂരിലെ സമലേശ്വരി ക്ഷേത്രത്തിൽ വെച്ചാണ് തങ്ങൾ വിവാഹതിരായതെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചിരുന്നു.
ഫെമിനിസ്റ്റ് ആശയപ്രകാരം തങ്ങളുടെ ബന്ധങ്ങളിലും ശരീരത്തിലും ലൈംഗിക താത്പര്യങ്ങളിലും തീരുമാനമെടുക്കാനുള്ള പരമാധികാരം സ്ത്രീകൾക്ക് മാത്രമാണുള്ളത്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ ലൈംഗികത പുരുഷ പ്രതിബദ്ധതയുമായി ബന്ധപ്പെട്ടതായിരിക്കണം എന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. എന്നാൽ സ്ത്രീയും പുരുഷനും നിയമത്തിന്റെ പരിരക്ഷയോടെ തങ്ങളുടെ ഭാവി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു എന്നതാണ് നിയമത്തിന്റെ കാഴ്ചപ്പാടിൽ വിവാഹമെന്നും കോടതി വ്യക്തമാക്കി.