പന്തളം : ആർക്കും വിധേയനാകാതെയും വഴങ്ങിക്കൊടുക്കാതെയും പാരമ്പര്യ നിരൂപണസമ്പ്രദായത്തെ അട്ടിമറിച്ചയാളാണ് ഡോ. കെ.എസ്.രവികുമാറെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തിന്റെ 50 വർഷം പൂർത്തിയാക്കിയ സാഹിത്യനിരൂപകനും കാലടി സംസ്‌കൃത സർവകലാശാലാ മുൻ പ്രോ. വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രവികുമാറിനെ ശിഷ്യരും സുഹൃത്തുക്കളും ചേർന്ന് ആദരിച്ച യോഗം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്യാമിൻ. ഡോ. കെ.എസ്.രവികുമാറിന്റെ എഴുത്ത് കാവ്യാത്മകമായിരുന്നു, ആധുനികതയുടെ പ്രഘോഷികൾ പോയ വഴിയെ അദ്ദേഹം നീങ്ങിയില്ല.
അവർ നടത്തിയ കൂട്ടയോട്ടത്തിനൊപ്പം അദ്ദേഹം ഓടിയില്ല. ഒരു കാലഘട്ടത്തിലെ കൃതികളോട് സക്രിയമായി പ്രതികരിച്ച അദ്ദേഹത്തിന്റെ വായന കേരളത്തിലെ വായനക്കാർക്കുവേണ്ടിയായിരുന്നെന്ന് നമ്മൾ തിരിച്ചറിയണമെന്നും ബെന്യാമിൻ പറഞ്ഞു. ചടങ്ങിൽ ഡോ. കെ.എസ്.രവികുമാറിനെ ബെന്യാമിൻ ആദരിച്ചു. ഐഡിയൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ മുഖത്തല ശ്രീകുമാർ, സി.അനൂപ്, എസ്.ആർ.ലാൽ, നളിന ജയകുമാർ, അരവിന്ദൻ എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്.രവികുമാർ മറുപടിപ്രസംഗം നടത്തി.