മലപ്പുറം : കൊണ്ടോട്ടി കോട്ടൂക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും, കൈകള്‍ കെട്ടിയിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. വെളുത്ത് തടിച്ച് മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്നും, അയാളെ താന്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പ്രതി കല്ലുകൊണ്ട് ഇരുപത്തിയൊന്നുകാരിയുടെ തലയ്ക്കടിച്ചിരുന്നു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.