ന്യൂഡല്‍ഹി : പുതുവര്‍ഷ പുലരിയില്‍ ഡല്‍ഹിയെ ഞെട്ടിച്ച് ദുരന്തം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ നഴ്‌സിംഗ് ഹോമില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 2 പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്ത് നിന്ന് 6 പേരെ രക്ഷപ്പെടുത്തിയതായി പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ 4 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ തുടങ്ങി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി .
ഗ്രേറ്റര്‍ കൈലാഷ് 2-ലെ ഇ ബ്ലോഗില്‍ സ്ഥിതി ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഹോമിനാണ് തീപിടിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇവിടെ പരിചരണം. തീപിടിത്തത്തിന്‍റെകാരണം ഇതുവരെ അറിവായിട്ടില്ല. പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. നേരത്തെ ഡിസംബര്‍ 17ന് പുലര്‍ച്ചെ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ട്-1ല്‍ സ്ഥിതി ചെയ്യുന്ന ഫീനിക്സ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയുടെ ബേസ്‌മെന്റില്‍ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചയുടന്‍ 5 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 9.7നാണ് ഫീനിക്‌സ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായ വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്.