വളര്‍ത്തുപൂച്ച ചത്തതിന് പിന്നാലെ ജീവനൊടുക്കി യുവതി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ നിന്നാണ് പൂച്ച ചത്തതിന്റെ മൂന്നാം ദിവസം ആത്മഹത്യ ചെയ്തത്. ചത്ത പൂച്ചയ്‌ക്കൊപ്പം രണ്ട് ദിവസം കിടന്നുറങ്ങിയ യുവതി മൂന്നാം ദിവസം പൂച്ചയ്ക്ക് ജീവന്‍ തിരിച്ച് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അംറോഹയിലെ ഹസന്‍പൂര്‍ സ്വദേശിയാണ് പൂജ ( 32 ). എട്ട് വര്‍ഷം മുമ്പ് ഡല്‍ഹി സ്വദേശിയായ ഒരാളെ പൂജ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വിവാഹ ബന്ധം വേര്‍പെടുത്തി. വിവാഹ മോചനത്തിന് ശേഷം പൂജ അമ്മ ഗജ്രാദേവിക്കൊപ്പം മാതാപിതാക്കളുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഏകാന്തത മാറ്റാനാണ് പൂച്ചയെ വാങ്ങിയത്. വ്യാഴാഴ്ചയാണ് പൂച്ച ചത്തത്. ചത്ത പൂച്ചയെ കുഴിച്ചിടാന്‍ അമ്മ പറഞ്ഞെങ്കിലും പൂജ കേട്ടില്ല. പൂച്ചയ്ക്ക് ജീവന്‍ കിട്ടുമെന്നാണ് പൂജ പറഞ്ഞത്. പൂച്ചയെ കുഴിച്ചിടാതെ പൂജ രണ്ട് ദിവസം പൂച്ചയ്‌ക്കൊപ്പം കിടന്നു.
അമ്മയും മറ്റ് കുടുംബാംഗങ്ങളും പൂച്ചയെ കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും പൂജ സമ്മതിച്ചില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ മൂന്നാം നിലയിലെ മുറിയില്‍ കയറി കതക് അടച്ചു. അന്ന് രാത്രി ഗജ്രാ ദേവി മകളെ നോക്കാന്‍ പോയപ്പോഴാണ് പൂജയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്. പൂജയുടെ മൃതദേഹം സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് സംഘവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.