ബെംഗളൂരു: ബെംഗളൂരുവിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് 19 കാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. 22 നും 26 നും ഇടയിൽ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യ സ്ഥാനപങ്ങളിലെ ജീവനക്കാരാണെന്നും പോലീസ് വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും സൗത്ത് ഈസ്റ്റ് ഡെ. കമ്മീഷണര്‍ സി കെ ബാബ പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാർച്ച് 25ന് രാത്രി 9.30ഓടെയാണ് സംഭവം.
കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പെൺകുട്ടി. 25ന് രാത്രി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാൾ ഇവർ പുകവലിക്കുന്നത് ചോദ്യം ചെയ്യുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് ഇയാൾ ഇവിടെ നിന്ന് പോയി. കുറച്ച് സമയത്തിന് ശേഷം ആൺസുഹൃത്ത് വീട്ടിലേക്ക് പോയി. ഈ സമയം, സുഹൃത്തുക്കളുമായെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. രാത്രി 11 മണിയോടെ പ്രതികൾ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ഹൊസൂർ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് അക്രമികൾ ബലാത്സംഗം ചെയ്യുകയും പുലർച്ചെ 3.30 ഓടെ ഇജിപുരയിലേക്കുള്ള വഴിയിൽ ഇറക്കിവിടുകയും ചെയ്തെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ആക്രമണത്തിനിരയായ പെൺകുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്ന് നാലുപേർക്കെതിരെ കോറമംഗല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഒമ്പത് മണിക്കൂറിനുള്ളിൽ നാല് പ്രതികളെയും പിടികൂടി. പ്രതികളെല്ലാം ഒരേ പ്രദേശത്ത് താമസിക്കുന്നതാണെന്നും പെൺകുട്ടിയുടെ പുരുഷ സുഹൃത്തിന് ഇവരെ അറിയാമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തിന് സംഭവത്തിൽ പങ്കില്ലെന്നും പോലീസ് പറഞ്ഞു.