തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ആശുപത്രിയുടെ ലൈസന്‍സ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റദ്ദാക്കി. ആരോഗ്യവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാഞ്ഞതിനാണ് ആക്കുളം തമ്പുരാന്‍മുക്കിലെ കോസ്മെറ്റിക് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച ലൈസന്‍സ് റദ്ദാക്കിയത്. യുവതിയുടെ കുടുംബം ആശുപത്രിക്കെതിരേ പരാതി നല്‍കിയശേഷം ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു.
ഇതിനിടെ ചികിത്സപ്പിഴവ് കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി തള്ളി. മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ വാദങ്ങള്‍ വിശ്വസനീയമല്ലെന്നും കൂടുതല്‍ വ്യക്തത വേണമെന്നും എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡിന്റെ തുടര്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ സംസ്ഥാന അപ്പെക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാനും തീരുമാനമായി.ഐടി കമ്പനിയിലെ സോഫ്ട്വേര്‍ എന്‍ജിനീയറായ മുട്ടത്തറ സ്വദേശി നീതു (31) കഴിഞ്ഞ ഫെബ്രുവരി 22-നാണ് വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ചികിത്സയെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണു നീതുവിനു നഷ്ടമായത്. ജീവന്‍ തന്നെ അപകടത്തിലായിരുന്ന ഘട്ടത്തില്‍നിന്ന് തിരികെയെത്തിയ നീതു, ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിക്കെതിരേ നീതുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.