ബെംഗളൂരു: മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി യുവതി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിൽ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് മാസത്തിലാണ് യുവാവിന്റെ മൃതദേഹം നദിയിൽ നിന്ന് കിട്ടുന്നത്. സംഭവത്തിൽ 39കാരന്റെ മുൻ കാമുകിയും 26കാരിയുമായ അശ്വിനി എന്ന തനു, 36കാരനായ ഗുരുരാജ്, 28കാരനായ ലക്ഷ്മീകാന്ത് എന്നിവരെ കലബുറഗി പോലീസ് അറസ്റ്റ് ചെയ്തു. രാഘവേന്ദ്ര നായികിനെ രണ്ട് മാസമായി കാണുന്നില്ലെന്നായിരുന്നു ഭാര്യ സുരേഖ പരാതി നൽകിയത്. നിരവധി ജോലികൾ ചെയ്തിരുന്ന രാഘവേന്ദ്ര നായികിന് സ്ഥിരമായി വീട്ടിലെത്തുന്ന സ്വഭാവമില്ലായിരുന്നു. പതിനഞ്ച് ദിവസം കൂടുമ്പോഴായിരുന്നു ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നത്. എന്നാൽ ഒരു മാസത്തോളമായി ഭർത്താവ് വീട്ടിലെത്താതെ വന്നതോടെയാണ് സുരേഖ പരാതി നൽകിയത്.
രാഘവേന്ദ്ര നായിക് നേരത്തെ അശ്വിനിയുമായി ലിവിംഗ് ബന്ധത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അശ്വിനി ഈ ബന്ധം ഉപേക്ഷിച്ച് ഗുരുരാജിനൊപ്പം താമസിക്കാൻ തുടങ്ങി. ഇത് രാഘവേന്ദ്ര നായിക് കണ്ടെത്തിയതോടെ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇത് അശ്വിനി പുതിയ കാമുകനോട് പറഞ്ഞു. ഇതോടെ ഗുരുരാജ് കൂട്ടുകാരനായ ലക്ഷ്മികാന്തിനൊപ്പം രാഘവേന്ദ്രയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. മാർച്ച് 12ന് അശ്വിനി രാഘവേന്ദ്രയെ കലബുറഗിയിലേക്ക് വിളിച്ച് വരുത്തി. ഇവിടെ നിന്ന് യുവതിയുടെ പുതിയ കാമുകനും സുഹൃത്തും ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൃഷ്ണ നഗറിന് സമീപത്തെ ശ്മശാനത്തിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളുകയായിരുന്നു.