കാസർകോട്: വാങ്ങിയത് വെറും കവറുകൾ, അതിനുള്ളിൽ പണം. കാസർകോടുള്ള ബുക്ക് സ്റ്റോറിൽ നിന്നും 50 കവർ (എൻവലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളിൽ കറൻസി കണ്ട് അമ്പരന്നു. അൻപത് കവറുകളിൽ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തൻ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുൻപ് അവർ കവർ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറിൽ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വ്യക്തി ഇതേ ബുക്ക് സ്റ്റോറിൽ നിന്നും 800 കവറുകൾ വാങ്ങിയിരുന്നു. അതിൽ കുറച്ച് പിന്നീട് തിരികെ നൽകുകയും ചെയ്തു.
ഇത്തരത്തിൽ മടങ്ങിയത്തിയ കവറുകളായിരുന്നു പിന്നീട് വിൽപന നടത്തിയത്. ഇത്തരത്തിൽ മടങ്ങിയയെത്തിയ നൂറോളം കവറുകളിലായി 920 രൂപയോളം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. തിരികെ ലഭിച്ചപ്പോൾ ഉള്ളിൽ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ഉടമ പറയുന്നു. പണം കണ്ടെത്തിയ വിഷയം മുൻപ് കവർ വാങ്ങിയ വ്യക്തിയെ അറിയിച്ച് ബുക്ക് സ്റ്റോർ ഉടമ ലഭിച്ച പണം കൈമാറുകയും ചെയ്തു. വിശ്വാസപരമായ ഏതോ ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തിൽ കവറുകളിൽ പണം നിക്ഷേപിച്ചത് എന്നാണ് വിലയിരുത്തൽ. എന്നാൽ, അനർഹമായത് സ്വന്തമാക്കാൻ മുതിരാതെ തങ്ങൾക്ക് മുന്നിലെത്തിയ പണം തിരികെ നൽകി കടക്കാരനും സ്ത്രീയും മാതൃകയായപ്പോൾ, കവർ വാങ്ങി ഭാഗ്യം പരീക്ഷിക്കുകയാണ് മറ്റ് ചിലർ. കവർ വാങ്ങിയവർക്ക് പണം ലഭിക്കുന്നു എന്ന വാർത്ത പടർന്നതോടെ കടയിൽ കവറിന്റെ ഡിമാൻഡ് വർധിച്ചതായും സ്റ്റോർ ഉടമ പറയുന്നു.