ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെ തുറമുഖ പ്രദേശത്ത് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തിൽ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയി എന്നും സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും പറഞ്ഞു.
”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകൾ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കർണാടക പോലുള്ള ഒരു പരിഷ്കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം,” അദ്ദേഹം എക്‌സിൽ കുറിച്ചു. ഇത്തരം നടപടികൾ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.