കോന്നി : പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. ചാവടി മല സ്വദേശി വിദ്യയെ ആണ് ഭർത്താവ് സന്തോഷ് വെട്ടി പരിക്കേല്പിച്ചത്. രാത്രി ഒമ്പതരയോടെ ആണ് സംഭവം. ആക്രമണത്തിൽ വിദ്യയുടെ രണ്ട് കൈക്കും പരിക്കേറ്റു. ഏഴംകുളം സ്വദേശിയായ ഭർത്താവ് വിദ്യയുടെ വീട്ടിൽ എത്തിയാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛൻ വിജയനും പരിക്കുണ്ട്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഏറെ നാളായി ഇരുവരും തമ്മിൽ പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നതിനിടെ ആണ് സംഭവം. കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.