തിരുവനന്തപുരം: നടുറോഡില്‍ സ്ത്രീ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. മൂലവിളാകത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ ലൈംഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ആക്രമണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പേട്ട പൊലീസിനെ സ്ത്രീയുടെ മകള്‍ വിവരമറിയിച്ചിട്ടും നഗരത്തില്‍ മുഴുവന്‍ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയാകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന സ്‌കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി വലിയ സ്‌ക്രീനില്‍ പരിശോധിക്കുകയാണ് പോലീസ്.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറ്റൂര്‍ മൂലവിളാകം ജംഗഷനില്‍ വെച്ച് 49 കാരി അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ഈ സമയത്ത് തന്നെ സഹായത്തിനായി പോലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. ആംബുലന്‍സ് അടക്കമുള്ള സഹായം പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പേട്ട പോലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു.