കോഴിക്കോട് : പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊയിലാണ്ടി തിക്കോടി പഞ്ചായത്ത് പത്താം വാര്‍ഡിലെ കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (27)നയാണ് മരിച്ചത്.
ഏപ്രില്‍ 21ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രസവത്തിന് ശേഷം 27ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ അർച്ചനയ്ക്ക് കടുത്ത പനിയും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചതിന് ശേഷം കോവിഡ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
റിസള്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അർച്ചനയുടെ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു വര്‍ഷം മുമ്പായിരുന്നു അർച്ചനയുടെ വിവാഹം. ഭര്‍ത്താവ്: ഷിബിന്‍ (കല്‍പ്പത്തൂര്‍). അമ്മ: ബീന. സഹോദരി: ആതിര.