കാബൂള്‍ : കാബൂള്‍ കൈയ്യടക്കി ഭരണം കൈപ്പിടിയിലാക്കിയ താലിബാനെ ഭയപ്പാടോടെയാണ് സ്ത്രീകളും കുട്ടികളും ഇപ്പോള്‍ കാണുന്നത്. താലിബാനെതിരെ സംസാരിച്ചവര്‍ക്കായി വീടുവീടാന്തരം കയറിയിറങ്ങി തെരച്ചില്‍ നടത്തുകയാണ് ഇവര്‍. ഓരോയിടങ്ങളിലേയും പള്ളികളിലെ ഇമാമുമാരോട് അതാതിടങ്ങളിലെ 12 നും 45 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കണക്കുകള്‍ ലഭിച്ചത് പ്രകാരം ചില ഇടങ്ങളിലെത്തിയ ഇവര്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോയി ലൈംഗിക അടിമകളാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീടുകളിലെത്തി സ്വന്തം മാതാവിന്റെ അടുത്ത് നിന്നും ചെറിയ കുട്ടിയെ താലിബാന്‍ ഭീകരര്‍ പിടിച്ച് പറിച്ച് കൊണ്ട് പോകുന്നതിന്റെ ദാരുണദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.
അഫ്ഗാനിലെ പെണ്‍കുട്ടികളും സ്ത്രീകളും തികച്ചും അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യുന്നതുമായ കഥകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറുകിയ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭയം നിഴലടിക്കുന്ന കഴിഞ്ഞ കാലത്തേക്കുള്ള മടങ്ങിവരവിലാണ് കാബൂളും അഫ്‌ഗാനിസ്ഥാനും. തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാന്‍ പോരാളികള്‍ അവരെ ശിക്ഷിക്കുക. ആ ശിക്ഷയേക്കാള്‍ ഭേദം മരണമാണെന്നാണ് ഭയത്തോടെ അഫ്ഗാന്‍ ജനത വിളിച്ചു പറയുന്നത്.