ചെങ്ങന്നൂർ : നഗരസഭാ അമൃത മിത്ര പദ്ധതിയുടെ ഭാഗമായി വുമൺ ഫോർ ട്രീ ഹരിത നഗരം ക്യാമ്പയിൻ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനും വനനശീകരണത്തിനും എതിരായ പോരാട്ടത്തിന് സ്ത്രീകളെ മുന്നിൽ നിറുത്തിയുള്ള അമൃത മിത്രയുടെ പ്രചാരണ പരിപാടി വുമൺ ഫോർ ട്രീ ക്യാമ്പയിൻ ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ ശോഭ വർഗീസ് ഫ്ളാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. റിജോ ജോൺ ജോർജ്, കുമാരി ടി, മനീഷ്, പ്രദീപ് കുമാർ, എസ്.ശ്രീകല, വിദ്യ വി, അജിന.കെ എന്നിവർ പങ്കെടുത്തു. സിഡിഎസ് യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുക്കുകയും പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ടൂൾ കിറ്റ് ഏറ്റുവാങ്ങുകയും ചെയ്തു.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം രൂപീകരിച്ചിരിക്കുന്ന ഈ പദ്ധതി പ്രകാരം ജലാശയങ്ങൾക്കു സമീപം പാർക്കുകളിൽ, റോഡരികുകൾ, സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ പരിപാലനവും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. രാജ്യമൊട്ടാകെ 50 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നടപ്പാക്കുന്ന വുമൺ ഫോർ ട്രീ ക്യാമ്പയിൻ സ്ത്രീകൾക്ക് പരിസ്ഥിതി സംരക്ഷണത്തിലും പൊതുതാൽപര്യ പ്രവർത്തനങ്ങളിലും നേതൃത്വമാകാൻ അവസരം ഒരുക്കുന്നതോടൊപ്പം ചെങ്ങന്നൂർ നഗരസഭയിൽ 300 -500 മരങ്ങൾ നടുന്നതിനും ഈ ഹരിതനഗരം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.