കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ രതികുമാരിക്ക് നേട്ടമായത്. ഇരുവരെയും സിഎംഎഫ്ആർഐയിൽ നടന്ന വനിതാദിനത്തിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചു. രണ്ടുപേരും സിഎംഎഫ്ആർഐയുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്.
മുനമ്പം ഹാർബറിനടുത്ത് ‘ഐവിസ് അഗ്രോഹബ്’ എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് ഐവി ജോസ്. വർഷങ്ങൾക്ക് മുമ്പ് സിഎംഎഫ്ആർഐയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് മത്സ്യവളനിർമാണത്തിൽ പരിശീലനം നേടിയത്. പരിസരമലിനീകരണത്തിന് കാരണമാകുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമെന്ന ആശയമാണ് ഐവിയെ വളനിർമാണരംഗത്തേക്ക് നയിച്ചത്. സംരംഭക്ത്വ വികസനത്തിൽ സിഎംഎഫ്ആർഐയുടെ എസ്ടിഐ ഹബ്ബ് പദ്ധതിയുടെ സഹായം ഏറെ പ്രയോജനകരമായെന്ന് അവർ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയിൽ ലഭിച്ച ശാസ്ത്രീയമായ പരിശീലനങ്ങളും അതനുസരിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങളുമാണ് രതികമുമാരിയെ മികച്ച സംരംഭകയാകാൻ സഹായിച്ചത്. ‘ഡിയർ ഗപ്പി’ എന്ന പേരിൽ നടത്തുന്ന അലങ്കാരമത്സ്യ ഫാമിൽ വിവിധയിനം മീനിനങ്ങൾ ലഭ്യമാണ്. ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് (എൻഎഫ്ഡിബി) കൊച്ചിയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയാണ് രതികമുാരിയുടെ വളർച്ചയിൽ വഴിത്തിരിവായത്. സിഎംഎഫ്ആർഐയിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങളും തുണയായി. സിഎംഎഫ്ആർഐ സംഘം ഫാം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. കുടുംബ വരുമാനത്തിന്റെ 50 ശതമാനത്തോളം അലങ്കാരമത്സ്യ ഫാമിലൂടെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് രതികുമാരി പറഞ്ഞു.
സിഎംഎഫ്ആർഐയിൽ നടന്ന വനിതാദിനാഘോഷ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക ചിത്ര അരുൺ മുഖ്യാതിഥിയായിരുന്നു. സാമ്പത്തിക സ്വാശ്രയത്വം നേടുന്നത് സത്രീക്ക് കൂടുതൽ കരുത്തു നൽകുമെന്ന് അവർ പറഞ്ഞു. ആത്മാഭിമാനത്തോടെ ജീവിതം നയിക്കാൻ സാമ്പത്തികഭദ്രത സഹായിക്കും. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ തൊഴിൽ-സംരംഭകത്വമേഖലകളിൽ സ്ത്രീകൾക്ക് മുന്നേറാനാകും. ഈ രംഗത്ത് സത്രീപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബങ്ങളിൽ നിന്നുള്ള പിന്തുണയും പ്രധാനമാണ്. സത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. വീട്ടുജോലിയിലും മറ്റ് കാര്യങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യപങ്കാളിത്തമാണുള്ളതെന്ന് ചെറിയപ്രായങ്ങളിൽ തന്നെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും ചിത്ര അരുൺ പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐ വനിതാസെൽ ചെയർപേഴ്‌സൺ ഡോ മിറിയം പോൾ ശ്രീറാം, മെംബർ സെക്രട്ടറി ഡോ. സന്ധ്യ സുകുമാരൻ എന്നിവർ സംസാരിച്ചു.