റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നാല് വിമാനത്താവളങ്ങളില്‍ ടാക്സി ഓടിക്കാന്‍ വനിതകളെ നിയമിക്കുന്നു. റിയാദ്, ജിദ്ദ, ദമ്മാം, മദീന അന്തര്‍ദേശീയ വിമനത്താവളങ്ങളിലായി എണ്‍പതിലധികം വനിതകളെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. മുന്‍പ് സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ പോലും അനുതിയില്ലാതിരുന്ന രാജ്യത്ത് ഇതു വലിയ മാറ്റമായാണ് കണക്കാക്കപ്പെടുന്നത്.
സമഗ്ര പരിവര്‍ത്തന പദ്ധതിയായ “വിഷന്‍~2030’~ന്റെ ഭാഗമാണ് പുതിയ തീരുമാനം. “വുമണ്‍സ് ട്രാക്ക്’ എന്നാണ് ടാക്സിയോടിക്കാന്‍ വനിതകളെ നിയോഗിക്കുന്ന പദ്ധതിക്കു പേരു നല്‍കിയിരിക്കുന്നത്. ഇതിനായി എയര്‍പോര്‍ട്ട് ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സുള്ള പ്രമുഖ കമ്ബനികളുമായി സര്‍ക്കാര്‍ നേരിട്ടാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളിലും ടാക്സി ഓടിക്കാന്‍ വനിതകള്‍ക്കും അവസരം നല്‍കും. ഉപഭോക്തൃ സേവനം, പ്രഥമശുശ്രൂഷ, ഇംഗ്ളീഷ് ഭാഷ എന്നിവയില്‍ പരിശീലനം നല്‍കിയാണ് ഇവരെ നിയമിക്കുക. ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരെ സ്വീകരിക്കുന്നതിനും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങള്‍.