ഹൈദരാബാദ്: സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിയുടെ പ്രസ്താവന വിവാദമായി. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് പ്രശ്നമുണ്ടാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഹൈദരാബാദിലെ ഒരു കോളേജില്‍ പരീക്ഷ എഴുതുന്നതിന് മുമ്പ് വിദ്യാർഥികളോട് ബുർഖ അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ”സ്ത്രീകൾക്ക് അവര്‍ക്കിഷ്ടമുള്ളത് ധരിക്കാം. എന്നാൽ യൂറോപ്യന്മാരെപ്പോലെ വസ്ത്രം ധരിക്കരുത്. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് അലി അഭിപ്രായപ്പെട്ടത്.
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുകയാണ് നല്ലത്. ശിരോവസ്ത്രം ധരിക്കുന്നത് ഒരു വ്യക്തിക്ക് ആദരവ് നല്‍കും. ചില ഹെഡ്മാസ്റ്ററോ പ്രിൻസിപ്പലോ ഇത് ചെയ്യുന്നുണ്ടാകാം, പക്ഷേ ഞങ്ങളുടെ നയം തികച്ചും മതേതരമാണ്.നമ്മള്‍ നല്ല വസ്ത്രം ധരിക്കണം. ഇറക്കം കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് സൗകര്യപ്രദമാണ്. ബുർഖ ധരിക്കാൻ പാടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിനെതിരെ ഞങ്ങൾ നടപടിയെടുക്കും,” മഹമൂദ് അലി പറഞ്ഞു.
ഹൈദരാബാദ് സന്തോഷ് നഗറിലെ വനിതാ കോളേജില്‍ നിരവധി വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് ഉറുദു മീഡിയം ഡിഗ്രി പരീക്ഷ എഴുതാൻ എത്തിയിരുന്നു.എന്നാൽ പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടു.ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വലിയ വിമര്‍ശനത്തിനിടയാക്കി. നിര്‍ബന്ധത്തിനു വഴങ്ങി ബുര്‍ഖ അഴിച്ചുമാറ്റേണ്ടി വന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.