കൊച്ചി : ആലുവയിൽ ഗർഭിണിക്കും പിതാവിനും നേരെയുണ്ടായ അതിക്രമത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ അന്വേഷണം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ആലങ്ങാട് പോലീസിന് നിർദേശം നൽകി. വിവാഹത്തെ കച്ചവടമായി കാണുന്നത് ഗുരുതരമെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.
ഇന്നലെയാണ് ആലുവ ആലങ്ങാട്ട് ഗർഭിണിക്കും പിതാവിനും മർദനമേറ്റത്. ആലുവ തുരുത്ത് സ്വദേശി സലീം, മകൾ നൗലത്ത് എന്നിവർക്കാണ് മർദനമേറ്റത്. ഭർത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴ് മാസം മുമ്പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സ്വർണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നൽകിയത്. ഈ പണം ഉപയോഗിച്ച് ജൗഹർ വീടുവാങ്ങി.
മാസങ്ങൾ കഴിഞ്ഞതോടെ ഇയാൾ വീട് വിൽക്കാൻ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാൻ സലീം ജൗഹറിന്റെ വീട്ടിലെത്തി. വീട് വിൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ പണം നൽകണമെന്നുമായിരുന്നു ജൗഹർ ആവശ്യപ്പെട്ടത്. എന്നാൽ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനം.പിതാവിനെ മർദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹർ മർദിച്ചു. അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.