പത്തനംതിട്ട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് ഏഴിന് രാത്രി 7 മുതല്‍ 10 വരെയുള്ള സമയം ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പ്രത്യേക യോഗം സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു അറിയിച്ചു.
കുടുംബശ്രീ നടപ്പാക്കിയ സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ നാലാം പഠന സഹായി അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും അയല്‍ക്കൂട്ടങ്ങളില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലിംഗ പദവി സമത്വവും നീതിയും എന്ന പഠന സഹായി പ്രമേയവും ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന മുദ്രാവാക്യമായ ”ഞാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയില്‍പ്പെട്ട ആള്‍ ‘ എന്ന പ്രമേയവും ചേര്‍ന്നു വരുന്ന ഈ അവസരത്തില്‍ സ്ത്രീ പദവിസ്വയം പഠന പ്രക്രിയയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തും.
മാര്‍ച്ച് ഒന്നു മുതല്‍ എട്ടു വരെയാണ് വനിതാദിന വാരാചരണം. മാര്‍ച്ച് ഒന്നിന് ജില്ലയിലെ വഴിയോരങ്ങളില്‍ കുടുംബശ്രീയുടെ എംബ്ലം ഉള്ള വനിതാദിന മുദ്രാവാക്യങ്ങള്‍ എഴുതിയ പതാകകള്‍ അയല്‍ക്കൂട്ടങ്ങള്‍ മുഖേന കെട്ടും. ജില്ലയില്‍ 50000 കൊടികള്‍ സ്ഥാപിച്ച് സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ പൂര്‍ത്തീകരണം അറിയിക്കുകയാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം. സധൈര്യംമുന്നോട്ട് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ ഓരോ ദിവസം വ്യത്യസ്ത പ്രവര്‍ത്തനം എന്ന നിലയില്‍ സംഘടിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.