ദുബായ് : ബംഗ്ലാദേശിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വനിതാ ടി20 ലോകകപ്പ് യു.എ.ഇ.യിലേക്ക് മാറ്റി. ഐ.സി.സി. ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തി. ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. യു.എ.ഇ.യിലെ ദുബായിലും ഷാര്‍ജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങള്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് ടൂര്‍ണമെന്റ്. ബംഗ്ലാദേശിലെ സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനം. ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട ടീമുകള്‍ ഈ സ്ഥിതിയില്‍ ബംഗ്ലാദേശിലേക്ക് ടീമിനെ അയക്കുന്നതില്‍ ആശങ്ക അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍നിന്ന് മാറ്റാന്‍ തീരുമാനമായത്. എന്നാല്‍ ടി20 ലോകകപ്പ് ബംഗ്ലാദേശില്‍വെച്ചുതന്നെ നടത്തണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ടൂര്‍ണമെന്റ് യു.എ.ഇ.യിലേക്ക് മാറ്റുകയെന്നതാണ് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് ഐ.സി.സി. നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. എങ്കിലും ബംഗ്ലാദേശ് ഇനിയും ശ്രമങ്ങള്‍ തുടരും.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ ടൂര്‍ണമെന്റ് അവിസ്മരണീയമാക്കുമെന്ന് അറിയാം. പക്ഷേ, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ബംഗ്ലാദേശിലേക്കുള്ള യാത്രാസംബന്ധമായ കര്‍ശന നിര്‍ദേശങ്ങളുണ്ടെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ് ജിയഫ് അലാര്‍ഡിസ് അറിയിച്ചു. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കാന്‍ തയ്യാറായ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് അലാര്‍ഡിസ് നന്ദിയറിയിച്ചു. ഐ.സി.സി. ആസ്ഥാനമായ യു.എ.ഇ., അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സുപ്രധാനമായ കേന്ദ്രംകൂടിയാണ്. യു.എ.ഇ.യുടെ ലോകോത്തര നിലവാരവും സുപ്രധാന ടൂര്‍ണമെന്റുകള്‍ നടത്തിയുള്ള പരിചയവും കണക്കിലെടുത്താണ് ടി20 ലോകകപ്പ് അവിടെ നടത്താന്‍ തീരുമാനിച്ചത്. 2021-ലെ ഐ.സി.സി. ടി20 ലോകകപ്പ് യു.എ.ഇ.യില്‍വെച്ച് നടത്തിയിരുന്നു.