മെൽബൺ : വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ന് കലാശപ്പോര്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഫൈനൽ മത്സരം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് ഗുണമായത്. അതേ സമയം ദക്ഷിണാഫ്രിക്കയെ 5 റൺസിനു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഫൈനൽ പ്രവേശനം നേടിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകരമായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഇന്ന് ഉച്ച തിരിഞ്ഞ് 12. 30ന് മെൽബണിലാണ് മത്സരം.
കൗമാര ഓപ്പണർ ഷഫാലി വർമ്മയുടെ മിന്നുന്ന ഫോമാണ് ടൂർണമെൻ്റിൽ ഇന്ത്യയുടെ കരുത്ത്. പവർ പ്ലേ ഓവറുകളിൽ മികച്ച തുടക്കം നൽകുന്ന ഷഫാലി ഇതുവരെ ഒരു അർധസെഞ്ചുറി പോലും നേടിയിട്ടില്ലെങ്കിലും ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാമതുണ്ട്. അതുകൊണ്ട് തന്നെ ഷഫാലിയെ പിടിച്ചു കെട്ടുകയാവും ഓസ്ട്രേലിയയുടെ തന്ത്രം. സ്റ്റാർ ഓൾ റൗണ്ടർ എലിസ് പെറി പരുക്കേറ്റ് പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയാകും.
ഇന്ത്യക്കാവട്ടെ ഷഫാലി ഒഴികെ മറ്റ് ബാറ്റ്സ്മാന്മാരുടെ സ്ഥിരത ഇല്ലായ്മ തലവേദനയാകും. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ ഫോമും പ്രശ്നമാണ്. ഓപ്പണർ സ്മൃതി മന്ദനയും മികച്ച സ്കോറുകൾ കണ്ടെത്തിയിട്ടില്ല. പൂനം യാദവിൻ്റെ സ്പിൻ കെണിയാണ് ഇന്ത്യയെ ടൂർണമെൻ്റിൽ മുന്നോട്ടു നയിച്ചത്. 9 വിക്കറ്റുകളുമായി പൂനം ഏറ്റവുമധികം വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ്. ഓസ്ട്രേലിയയുടെ മേഗൻ ഷൂട്ട് അത്ര തന്നെ വിക്കറ്റുകളുമായി രണ്ടാമതുണ്ട്. പൂനത്തിനൊപ്പം ശിഖ പാണ്ഡെയുടെ വേരിയേഷനുകളും ഇന്ത്യക്ക് ഗുണമാകും.