തിരുവനന്തപുരം: പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ തലത്തില്‍ ഇതിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി ‘നാം മുന്നോട്ട്’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടി പുരോഗമിക്കുകയാണ്.
പഠനത്തോടൊപ്പം ജോലി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങള്‍ ഏറെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കുന്നതോടെ വിദേശത്തുനിന്ന് പഠനത്തിനായി ഇവിടേക്കും വിദ്യാര്‍ഥികള്‍ വരും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും ക്രമസമാധാന നിലയുമൊക്കെ ഇതിന് അനുകൂലമാണ്. ഇതു മുന്‍നിര്‍ത്തിയുള്ള നടപടി ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.