സീതത്തോട് : സീതത്തോട് പാലത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു.
നിർമാണത്തിലിരിക്കുന്ന പാലം രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുംവിധം വളരെവേഗം പണികൾ പുരോഗമിക്കുകയാണ്. സീതത്തോട് ടൗണിനോട് ചേർന്നുണ്ടായിരുന്ന ഇടുങ്ങിയപാലം പൊളിച്ചുനീക്കി അപ്രോച്ച് റോഡുൾപ്പടെ നാലുകോടി രൂപ ചെലവിലാണ് പുതിയപാലം നിർമിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിർമാണം കാലാവധിക്ക് മുമ്പുതന്നെ പണി പൂർത്തിയാക്കി വാഹനഗതാഗതത്തിന് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണിപ്പോൾ പണികൾ നടക്കുന്നത്.
രാത്രിയും പകലുമായി നിർമാണം നടത്തുകയാണ്. പാലത്തിന്റെ അടിത്തറയുടെ പ്രധാന കോൺക്രീറ്റിങ് പൂർത്തിയാകാറായി കഴിഞ്ഞു. യന്ത്രസഹായത്തോടെയുള്ള പണികളായതിനാൽ ലക്ഷ്യമിട്ടതിലും വേഗത്തിൽ പണി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പാലം നിർമാണം അഭിമാനപ്രശ്‌നമായി ഉയർന്നുവന്നതോടെ എം.എൽ.എ.യും പാലത്തിന്റെ നിർമാണ പുരോഗതി ദിനംപ്രതി പരിശോധിക്കുന്നുണ്ട്.
ഗുരുനാഥൻമണ്ണ് -ആങ്ങമൂഴി റോഡുകൾ സംയോജിപ്പിച്ചുള്ള അപ്രോച്ച് റോഡുകൂടിയാകുന്നതോടെ ഇവിടെ ഗതാഗതസൗകര്യം കൂടുതൽ വർധിക്കും.