കൊച്ചി : ലോകം ഇതുവരെ കണ്ട വലിയ പ്രതിസന്ധികളിലൊന്നായ കൊവിഡിനെതിരെ മുന്നണിപ്പോരാളികളായ നഴ്സ് സമൂഹത്തെ ലോകമാദരിക്കുകയാണ് ഈ നഴ്സസ് ദിനത്തിൽ. ലോകത്തിന് തന്നെ മാതൃക തീർത്താണ് കേരളത്തിൽ നഴ്സുമാർ കൊവിഡ് പ്രതിരോധം മുന്നിൽ നിന്ന് നയിക്കുന്നത്. ജീവൻ പണയംവെച്ച് രോഗികളെ പരിചരിക്കുമ്പോഴും മതിയായ സുരക്ഷ പോലും പലപ്പോഴും അന്യമെന്നാണ് നഴ്സുമാരുടെ പരാതി.
സൈന്യത്തിന്റെ ചിറകിൽ രാജ്യമൊന്നിച്ചെത്തി ആദരമർപ്പിച്ച ദിനത്തിൽ പോലും കൊവിഡ് പോരാളികളായ നഴ്സുമാരുടെ ചര്യകൾക്ക് മാറ്റമില്ലായിരുന്നു. അവർ മടങ്ങിയത് വേവുന്ന പിപിഇ കിറ്റുകൾക്കുള്ളിലേക്കാണ്. ഇന്ന് ലോകമാകെ ആദരിക്കുന്ന നഴ്സസ് ദിനത്തിലും നഴ്സുമാർ ഇവരുടെ ദൗത്യം മുടങ്ങാതെ തുടരുകയാണ്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാലും പിന്നെയും വേവുന്ന ഏകാന്തത ദിനങ്ങളാണ് നഴ്സുമാർക്ക്. കുടുംബത്തെയും ചുമതലകളെയും മറക്കേണ്ട പൊള്ളിക്കുന്ന ക്വാറന്‍റൈൻ ദിനങ്ങൾ.
പരമാവധി അകന്നുനിൽക്കണമെന്നിരിക്കെ പ്രായമായ രോഗിയെ അടുത്ത് പരിചരിച്ച കോട്ടയത്തെ നഴ്സ് രേഷ്മയ്ക്ക് കൊവിഡ് രോഗമേറ്റു വാങ്ങേണ്ടി വന്നിരുന്നു. നാടാവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്കും കടൽ കടന്നുമൊക്കെ എത്തിയത് ഇതേ നഴ്സുമാരടങ്ങുന്നവരാണ്.
ഒറ്റപ്പെട്ടതെങ്കിലും നഴ്സുമാരടങ്ങുന്നവർക്ക് നേരെ പൊതുസമൂഹത്തിൽ നിന്ന് മോശം അനുഭവും കൊവിഡ് കാലത്ത് ഉണ്ടായി. സ്വകാര്യ മേഖലയിൽ ശമ്പളപരിഷ്കരണം ഇനിയും പൂർണമായില്ല. സർക്കാർ മേഖലയിലാകട്ടെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുണ്ടാക്കുന്ന ജോലി ഭാരം ഇവരുടെ തലയിലുണ്ട്.
മൊത്തം 19 നഴ്സിങ് ഓഫീസർമാരുടെ തസ്തികയിൽ രണ്ടിടത്ത് മാത്രമാണ് ആളുള്ളത്. 289 നഴ്സിങ് സൂപ്രണ്ട് തസ്തികയിൽ 57 ഇടത്ത് ആളില്ല. കൊവിഡ് ഭീതിയിൽ ജോലി ചെയ്യുന്നവർക്ക് റിസ്ക് അലവൻസ് നൽകണമെന്നത് ഇപ്പോഴും ചർച്ചയിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. പതിന്നാല് മണിക്കൂർ വരെ ജോലി ചെയ്താണ് നഴ്സുമാർ നമ്മുടെ കൊവിഡ് പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്നതെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.