ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക്. ആകെ മരണ സംഖ്യ 2.06 ലക്ഷം കടന്നു. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാല്‍ ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേര്‍ മരിച്ചു. 55,000ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്‌പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കോവിഡ് രോഗികളാണുള്ളത്.
അതേസമയം കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് വന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടണ്‍. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 1.57 രോഗികളുള്ള ജര്‍മ്മനിയില്‍ ഇതുവരെ 5976 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.52 ലക്ഷം കൊവിഡ് രോഗികളുള്ള ബ്രിട്ടണില്‍ ഇതിനോടകം 20,732 പേര്‍ മരിച്ചു.